വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷയ്ക്കും കൂടുതൽ പണം അനുവദിക്കണം, ജീവിതച്ചെലവ് കുറയ്ക്കണം, നിർബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം... ജർമനിയിൽ യുവജനങ്ങൾ തെരുവിലിറങ്ങിയത് ഇത്തരം ആവശ്യങ്ങളുമായാണ്. എന്നാൽ 34 നഗരങ്ങളിലായി നടന്ന പ്രതിഷേധം പലയിടത്തും പൊലീസുമായുള്ള ഏറ്റുമുട്ടലിലും വ്യാപക അക്രമത്തിലും കലാശിച്ചു.
'ജെൻ സി റെഗെൽറ്റ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 1.20 ലക്ഷം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.60 ലക്ഷമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ തകർച്ച, വർധിച്ചുവരുന്ന ജീവിതച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിലെ വെട്ടിക്കുറയ്ക്കൽ, നിർബന്ധിത സൈനിക സേവനത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നിവയായിരുന്നു പ്രധാന പ്രതിഷേധ വിഷയങ്ങൾ.
ബർലിനിലാണ് സംഘർഷം രൂക്ഷമായത്. പൊലീസിന് നേരെ കല്ലേറും പടക്കമേറും ഉണ്ടായതോടെ പ്രതിഷേധ റാലി നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു. ട്രാം ഗതാഗതം തടസ്സപ്പെടുത്തുകയും തെരുവുകളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഔദ്യോഗിക റാലിക്ക് പുറമെ ഒത്തുകൂടിയ മൂവായിരത്തോളം പേരുടെ സംഘവും പൊലീസിന് നേരെ മുട്ടകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞു. മുപ്പതോളം പൊലീസുകാർക്ക് പരുക്കേറ്റു.
കൊളോണിൽ കത്തീഡ്രൽ പരിസരത്ത് ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്തു. പൊലീസിന് നേരെ പടക്കങ്ങളും കുപ്പികളും എറിഞ്ഞതിനെ തുടർന്ന് ഇരുന്നൂറോളം പേരെ തടഞ്ഞുവെക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹാംബർഗിൽ ഏകദേശം 6,700 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച സംഘങ്ങൾ നിർമാണ സ്ഥലങ്ങളിലെ ബാരിക്കേഡ