Loading time...
Global

യൂറോപ്പിലെ ഇന്ത്യൻ റസ്‌റ്റോറന്റുകളിൽ വൻ തൊഴിൽ ചൂഷണം; 70ലേറെ പേർ ഇരകൾ , വ്യാപക പരിശോധന .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Sep 2026, 7:50 am
Updated on: 20 Sep 2026, 7:50 am
Share:
Follow Us: YouTube
Feature Image

യൂറോപ്പിലെ ഇന്ത്യൻ റസ്‌റ്റോറന്റുകൾ കേന്ദ്രീകരിച്ച് നടന്ന വൻ തൊഴിൽ ചൂഷണ റാക്കറ്റാണ് യൂറോപോളിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണത്തിൽ പുറത്തുവന്നത്. നെതർലൻഡ്‌സ്, ബെൽജിയം, ജർമനി, ലക്സംബർഗ്, സ്വിറ്റ്‌സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളിലായി നടത്തിയ പരിശോധനയിൽ 70ലേറെ തൊഴിലാളികൾ ചൂഷണത്തിനിരയായതായി കണ്ടെത്തി. സംഭവത്തിൽ ഇതുവരെ രണ്ട് പേർ അറസ്റ്റിലായി.

 

തൊഴിലാളികളെ ദിവസവും 16 മണിക്കൂർ വരെ ജോലി ചെയ്യിപ്പിക്കുകയും അർഹമായ വേതനം നൽകാതിരിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. ആഴ്ചയിൽ ആറു മുതൽ ഏഴു ദിവസം വരെ, 60 മുതൽ 80 മണിക്കൂർ വരെയാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഷെഫുമാരായി വീസ തരപ്പെടുത്തി വിദേശത്തുനിന്ന് എത്തിച്ചവരെ പിന്നീട് ഡിഷ് വാഷർ, ക്ലീനർ, വെയ്റ്റർ തുടങ്ങിയ ജോലികൾക്ക് നിയോഗിച്ചു. ഏഷ്യൻ കാറ്ററിങ് മേഖലയിലേക്ക് പ്രത്യേക ഷെഫുമാരെ കൊണ്ടുവരാൻ ഉണ്ടായിരുന്ന മുൻ നിയമത്തിലെ പഴുതുകളാണ് സംഘം ദുരുപയോഗം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.

 

തൊഴിലാളികളെയും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയും മാനസിക സമ്മർദം ചെലുത്തിയുമാണ് ജോലി ചെയ്യിപ്പിച്ചത്. ഇതിലൂടെ ക്രിമിനൽ സംഘത്തിന് കുറഞ്ഞത് 40 ലക്ഷം യൂറോയുടെ അനധികൃത ലാഭമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. യൂട്രെക്റ്റിലെ പ്രത്യേക കൺട്രോൾ റൂമിൽ നിന്നാണ് വിവിധ രാജ്യങ്ങളിലെ പരിശോധനകൾ ഏകോപിപ്പിച്ചത്. ഫ്രാൻസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ബന്ധപ്പെട്ട റസ്‌റ്റോറന്റുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളും അനധികൃത പണത്തിന്റെ ഒഴുക്കും സംബന്ധിച്ച അന്വേഷണം യൂറോപോളിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .