Loading time...
Global

ഷെങ്കൻ വീസയിൽ വൻ മാറ്റങ്ങൾക്ക് നീക്കം; ഫീസ് കൂടിയേക്കും, ബിസിനസ് യാത്രക്കാർക്ക് ഇളവ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Sep 2026, 10:30 am
Updated on: 16 Sep 2026, 10:30 am
Share:
Follow Us: YouTube
Feature Image

യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർണായകമായേക്കാവുന്ന മാറ്റങ്ങളുമായി ഷെങ്കൻ വീസ സംവിധാനം പരിഷ്കരിക്കാൻ യൂറോപ്യൻ കമ്മിഷൻ ഒരുങ്ങുന്നു. വീസ നടപടികൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനൊപ്പം, നിയമാനുസൃതമായി യാത്ര ചെയ്യുന്നവർക്ക് ചില ഇളവുകളും നൽകാനാണ് നീക്കം. നിലവിലുള്ള വീസ ഫീസിന് പുറമെ യൂറോപ്യൻ യൂണിയൻ തലത്തിൽ ഒരു അധിക സർചാർജ് ഏർപ്പെടുത്തുന്നതും കമ്മിഷന്റെ പരിഗണനയിലുണ്ട്. പുതിയ മാറ്റങ്ങൾ സംബന്ധിച്ച ഔദ്യോഗിക കരട് നിർദേശം 2027ന്റെ ആദ്യ പാദത്തിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

ബിസിനസ് യാത്രക്കാർക്കായിരിക്കും പ്രധാനപ്പെട്ട മറ്റൊരു മാറ്റം. വിശ്വസ്തരായ ബിസിനസ് യാത്രക്കാർക്കും രാജ്യാന്തര കമ്പനികളിലെ ജീവനക്കാർക്കും വീസ നടപടികൾ എളുപ്പമാക്കാൻ യൂറോപ്യൻ തലത്തിൽ അംഗീകൃത സ്ഥാപനങ്ങളുടെ ഒരു വൈറ്റ് ലിസ്റ്റ് തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫാസ്റ്റ് ട്രാക്ക് പരിശോധന, മുൻഗണനാ അപ്പോയിന്റ്മെന്റ്, സമർപ്പിക്കേണ്ട രേഖകളിൽ ഇളവ് തുടങ്ങിയ സൗകര്യങ്ങൾ ലഭിച്ചേക്കും. നിലവിൽ ഓരോ ഷെങ്കൻ രാജ്യങ്ങളും പിന്തുടരുന്ന വ്യത്യസ്ത മാനദണ്ഡങ്ങൾക്ക് പകരം ഏകീകൃത സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം.

 

അതേസമയം, അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിൽ യൂറോപ്യൻ യൂണിയനുമായി സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ വീസ നിയന്ത്രണങ്ങൾ ശക്തമാക്കാനും നീക്കമുണ്ട്. രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ മോശമാകുകയോ വ്യാജപ്രചാരണം, സൈബർ ആക്രമണം, ഹൈബ്രിഡ് ആക്രമണം, ചാരവൃത്തി, കുടിയേറ്റത്തെ ആയുധമാക്കൽ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ കൂടുതൽ കർശനമായ വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

 

നിലവിൽ ഷെങ്കൻ ഹ്രസ്വകാല വീസയ്ക്ക് മുതിർന്നവർക്ക് 90 യൂറോയാണ് ഫീസ്. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 45 യൂറോയും ആറ് വയസ്സിന് താഴെയുള്ളവർക്ക് ഫീസില്ല. ചില വിദ്യാർഥികൾക്കും ഗവേഷകർക്കും യുവ പ്രതിനിധികൾക്കും നിശ്ചിത നിബന്ധനകളോടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ വീസ അപേക്ഷാ കേന്ദ്രങ്ങൾ ഈടാക്കുന്ന സർവീസ് ചാർജും അപേക്ഷകർ നൽകണം. സാധാരണയായി 30 മുതൽ 40 യൂറോ വരെയാണ് ഈ ചാർജ്. വീസ നിരസിച്ചാലും അപേക്ഷാ ഫീസും സർവീസ് ചാർജും തിരികെ ലഭിക്കില്ല.

 

2024ൽ മാത്രം ഷെങ്കൻ രാജ്യങ്ങളിലേക്ക് ഒരു കോടി 17 ലക്ഷത്തിലധികം ഹ്രസ്വകാല വീസ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഒരു കോടി മൂന്ന് ലക്ഷത്തോളം വീസകൾ അനുവദിക്കുകയും ചെയ്തു. വീസ പരിഷ്കരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്ടോബർ ആറിനകം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .