പൊതുജനങ്ങളുടെ ഓൺലൈൻ വോട്ടെടുപ്പിലൂടെ ഛത്തീസ്ഗഢിന്റെ ആദ്യ ഔദ്യോഗിക സംസ്ഥാന ചിത്രശലഭമായി തിരഞ്ഞെടുക്കപ്പെട്ടത് ഓറഞ്ച് ഓക്ക്ലീഫ്. വൻ ഭൂരിപക്ഷത്തോടെയാണ് ഈ ചിത്രശലഭം നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്റെ പതിനഞ്ചാമത് യോഗത്തിൽ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചു. ഇനി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം കൂടി വന്നാൽ പ്രഖ്യാപനം പൂർണമാകും.
കാഴ്ചയിൽ കൗതുകമുണർത്തുന്നതാണ് ഓറഞ്ച് ഓക്ക്ലീഫിന്റെ പ്രത്യേകത. ചിറകുകൾ മടക്കിയിരിക്കുമ്പോൾ ഉണങ്ങിയ ഒരു മരത്തിന്റെ ഇലയാണെന്ന് തോന്നും. എന്നാൽ ചിറകുകൾ വിടർത്തുന്നതോടെ ഓറഞ്ച്, കറുപ്പ്, വെൽവെറ്റ് നീല നിറങ്ങൾ തെളിഞ്ഞുവരും.
2026 ജൂലൈ 31 മുതൽ ഓഗസ്റ്റ് 31 വരെ ഗൂഗിൾ ഫോം വഴിയായിരുന്നു വോട്ടെടുപ്പ്. ആകെ ലഭിച്ച 5,813 വോട്ടുകളിൽ 3,000 വോട്ടും നേടിയാണ് ഓറഞ്ച് ഓക്ക്ലീഫ് ഒന്നാമതെത്തിയത്. കോമൺ ബാൻഡഡ് പീക്കോക്കിന് 1,606 വോട്ടും സ്പോട്ട് സോർഡ്ടൈലിന് 1,207 വോട്ടും ലഭിച്ചു.
സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ ഔദ്യോഗിക സംസ്ഥാന ചിത്രശലഭമുള്ള മറ്റ് എട്ട് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെയും പട്ടികയിൽ ഛത്തീസ്ഗഢും ഇടംപിടിക്കും.