രാജ്യത്തെ യുവതലമുറ നേരിടുന്ന തൊഴിലില്ലായ്മയുടെയും നൈപുണ്യക്കുറവിന്റെയും ഗുരുതര ചിത്രം പുറത്തുകൊണ്ടുവന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യത്ത് 15നും 29നും ഇടയിൽ പ്രായമുള്ള ഏകദേശം 8.7 കോടി യുവാക്കൾ നിലവിൽ തൊഴിലിലോ ഉപരിപഠനത്തിലോ നൈപുണ്യ പരിശീലനത്തിലോ ഏർപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. രാജ്യത്തിന്റെ ഭാവി തൊഴിൽശക്തിയെയും സാമ്പത്തിക വളർച്ചയെയും നേരിട്ട് ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായാണ് ഈ സാഹചര്യം വിലയിരുത്തുന്നത്. ‘റീഇമാജിനിംഗ് സ്‌കില്ലിംഗ് ഫോർ വികസിത് ഭാരത്@2047’ എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ബിരുദം നേടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഒരു തൊഴിൽ കണ്ടെത്താൻ വലിയൊരു വിഭാഗം യുവാക്കൾക്ക് കഴിയുന്നില്ല. കേവലം തിയറി പഠനത്തിലേക്കും എഴുത്തുപരീക്ഷകൾ വിജയിക്കുന്നതിലേക്കുമായി വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ചുരുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് അപ്പുറം തൊഴിൽ മേഖലയിൽ ആവശ്യമായ പ്രായോഗിക കഴിവുകളും അറിവുകളും പലർക്കും ലഭിക്കുന്നില്ല.
ഇതോടെ ബിരുദം നേടിയ ശേഷവും തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യം തുടരുകയാണ്. പ്രായോഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിനൊപ്പം ഇന്റേൺഷിപ്പുകൾ പോലുള്ള അവസരങ്ങളുടെ കുറവും തൊഴിലില്ലായ്മ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം, വിദേശത്തേക്കുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്ന സാഹചര്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 80 ശതമാനം വിദ്യാർത്ഥികളും ബിരുദ പഠനത്തിലെ പ്രധാന പോരായ്മയായി കാണുന്നത് പ്രായോഗിക പരിചയത്തിന്റെയും തൊഴിൽ മേഖലയുമായുള്ള നേരിട്ടുള്ള ബന്ധത്തിന്റെയും അഭാവമാണ്. മുൻകാല തൊഴിൽ പരിചയമോ ഇന്റേൺഷിപ്പോ ഇല്ലാത്തത് പുതിയ തൊഴിൽ കണ്ടെത്തുന്നതിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ജീവനക്കാരും വ്യക്തമാക്കുന്നു.
ഏകദേശം 47 ശതമാനം ഔദ്യോഗിക ജീവനക്കാരും ഇത്തരം പ്രതിസന്ധി നേരിടുന്നവരാണെന്നാണ് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, സംരംഭകരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും സമാനമായ വെല്ലുവിളികളുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന 61 ശതമാനം വിദ്യാർത്ഥികൾക്കും സംരംഭകത്വവുമായി ബന്ധപ്പെട്ട ആവശ്യമായ അറിവോ പരിചയസമ്പത്തോ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംരംഭകത്വത്തിലേക്ക് കടക്കാനുള്ള പ്രായോഗിക മാർഗങ്ങളെക്കുറിച്ചുള്ള അറിവിന്റെ അഭാവവും പ്രധാന വെല്ലുവിളിയായി തുടരുകയാണ്. പ്രത്യേകിച്ച് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്ത് സംരംഭകത്വത്തിന്റെ പടവുകൾ കയറാനുള്ള കൃത്യമായ ദിശ വ്യക്തമാകേണ്ടത് ഏറെ പ്രധാനമാണ്.
വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഏർപ്പെട്ടിട്ടില്ലാത്ത 15നും 29നും ഇടയിൽ പ്രായമുള്ളവരെയാണ് നീറ്റ് വിഭാഗം എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. രാജ്യത്തെ ഏകദേശം 8.7 കോടി യുവാക്കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക്. ഈ വിഭാഗത്തിലുള്ള യുവാക്കൾക്ക് തൊഴിൽ അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നതിലും പ്ലേസ്മെന്റ് സഹകരണങ്ങൾ ലഭിക്കുന്നതിലും അടിസ്ഥാനപരമായ കുറവുകൾ നേരിടേണ്ടിവരുന്നുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത ഏകദേശം 60 ദശലക്ഷം എംഎസ്എംഇകളിൽ വെറും 32,000 എണ്ണം മാത്രമാണ് നാഷണൽ അപ്രന്റീസ്ഷിപ് പോർട്ടലിന് കീഴിൽ അപ്രന്റീസുകളെ നിയമിച്ചത്. വ്യവസായ മേഖലയുടെ അപ്രന്റീസ്ഷിപ്പ് സംവിധാനത്തിലെ വളരെ പരിമിതമായ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
രാജ്യത്ത് ബിരുദ യോഗ്യതയ്ക്ക് ചേർന്ന തൊഴിൽ ലഭിച്ചത് വെറും 8.25 ശതമാനം പേർക്ക് മാത്രമാണെന്ന കണക്കും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. ബിരുദം നേടുന്നവരുടെ എണ്ണത്തിനും അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നതിനുമിടയിലെ വലിയ അന്തരമാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ബിരുദങ്ങൾ സ്വന്തമാക്കിയിട്ടും തൊഴിൽരഹിതരായി തുടരുന്ന യുവാക്കൾക്ക് ആവശ്യമായ പ്രായോഗിക അറിവും തൊഴിൽപരിചയവും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൃത്യമായി പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ പ്രാധാന്യവും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലായി നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 34,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ വികസിത് ഭാരത് 2047 എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത്തരം ഫണ്ടുകളുടെ കൃത്യമായ വിനിയോഗവും ഫലപ്രദമായ നടത്തിപ്പും ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി തൊഴിൽശക്തിയെ തന്നെ ബാധിക്കുന്ന തരത്തിൽ യുവാക്കൾക്കിടയിലെ നൈപുണ്യക്കുറവും തൊഴിൽ ലഭ്യതയിലെ അന്തരവും തുടരുമ്പോൾ, വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക അറിവിനും തൊഴിൽപരിചയത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയാണ് നീതി ആയോഗിന്റെ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .