സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ രാത്രിയിലും നിയന്ത്രണം ശക്തമാക്കി. പുറത്ത് നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതോടെയാണ് ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. നിലവിലെ പ്രതിസന്ധിക്ക് ഇപ്പോഴും അയവില്ലെന്നും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനായി ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഫ്യൂസ് ഊരുന്നത് സാമൂഹ്യവിരുദ്ധർ മനപ്പൂർവ്വം ചെയ്യുന്നതാണെന്നും ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെ വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഉപയോഗം വർധിച്ച് 95.81 ദശലക്ഷം യൂണിറ്റിലെത്തി. വൈദ്യുതി ക്ഷാമം നേരിടുന്നതിനായി ജലവൈദ്യുതി ഉത്പാദനം 24.46 ദശലക്ഷം യൂണിറ്റായി ഉയർത്തുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുവരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. നിലവിൽ അണക്കെട്ടുകളിൽ 62 ശതമാനം വെള്ളം മാത്രമാണുള്ളത്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലും ലഭിക്കുന്നില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .