മൂന്ന് പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഒടുവിൽ പിടിയിലായി. 1995ൽ തൃശൂരിനെ നടുക്കിയ മാർത്ത കൊലക്കേസിലെ പ്രതിയായ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
കൊലപാതകം നടക്കുമ്പോൾ വെറും 18 വയസ്സായിരുന്നു ഇയാളുടെ പ്രായം. സ്വർണം കവർച്ച ചെയ്യുന്നതിനായി ചാലക്കുടി സ്വദേശി പ്രസാദിനൊപ്പം ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ കൃഷ്ണകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും വർഷങ്ങളോളം ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉത്തർപ്രദേശിലെ മീററ്റിൽ പേരിൽ മാറ്റം വരുത്തി താമസിച്ചിരുന്നതായി കണ്ടെത്തിയത്. എന്നാൽ 15 വർഷം മുമ്പ് കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ച് കേരളത്തിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കുണ്ടറയിൽ വെൽഡിങ് ജോലി ചെയ്ത് കഴിയുകയായിരുന്നുവെന്ന് കണ്ടെത്തി. പിന്നാലെ കൊല്ലത്തെത്തിയ പോലീസ് സംഘം വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരിക്കെ തന്ത്രപൂർവം കൃഷ്ണകുമാറിനെ പിടികൂടുകയായിരുന്നു. 30 വർഷം പഴക്കമുള്ള കൊലക്കേസിൽ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വീണ്ടും നിയമത്തിന് മുന്നിലെത്തുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .