സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയില്‍ സംസ്ഥാന നേതൃത്വത്തിന് നേരെ രൂക്ഷമായ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി . കോഴിക്കോട്ട് നടന്ന യോഗത്തില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി വ്യാമോഹത്തിന് യഥാര്‍ത്ഥ ഉത്തരവാദികള്‍ സംസ്ഥാന നേതൃത്വമാണെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ തുറന്നടിച്ചു. തുറന്നു പറച്ചിലുകള്‍ നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട് .തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കണ്ണൂര്‍ തുടക്കമിട്ടത് .
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നേരിട്ട തിരിച്ചടികളില്‍ സംസ്ഥാന നേതൃത്വം ആവശ്യമായ തിരുത്തലുകള്‍ വരുത്തിയില്ല എന്ന ആരോപണവും ഉയര്‍ന്നു . കഴിഞ്ഞ 10 വര്‍ഷമായി പാര്‍ലമെന്ററി നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്നും, വിപ്ലവ പാര്‍ട്ടി എന്ന സങ്കല്‍പം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴും മൂന്നാം ഭരണം മാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന രീതി ശരിയല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി .
ഭരണത്തിലും വികസന നയങ്ങളിലും തെറ്റായ പ്രവണതകള്‍ ദൃശ്യമാകുമ്പോള്‍ അതില്‍ കൃത്യമായി ഇടപെടാന്‍ കഴിയാതെ പാര്‍ട്ടി നോക്കുകുത്തിയായി മാറുന്നു . അടിത്തട്ടില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുമ്പോഴും മുകള്‍ത്തട്ടില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന ശൈലിക്കെതിരെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ യോഗത്തില്‍ പ്രതികരിച്ചത് . പാര്‍ട്ടിയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂരില്‍ നിന്നും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൊല്ലം അടക്കമുള്ള ജില്ലകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു .
ഗൗരം കുറഞ്ഞ റിപ്പോര്‍ട് ആണ് സമിതിയില്‍ വെച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു . തെരെഞ്ഞെടുപ്പിനു സ്ഥാനാര്‍ഥി നിര്ണ്ണയത്തില്‍ തന്നെ വലിയ പാളിച്ചകള്‍ പറ്റി . സര്‍ക്കാരിനെതിരെയുള്ള ക്യാമ്പയ്നിങ് നടന്നപ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയാതെ പോയി . താഴെ തട്ടില്‍ മാത്രമല്ല നേതൃത്വത്തിലും തെറ്റുകള്‍ പറ്റി എന്നും വിമര്‍ശനമുയര്‍ന്നു .