സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. പിണറായിയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
അന്വേഷണം തടയാനും എഫ്ഐആറിലെ തുടർനടപടികൾ നിർത്തിവെക്കാനും കോടതി നിർദേശം നൽകി. നവംബർ 25ന് വിശദമായ വാദം തുടങ്ങും. നാലാഴ്ചയ്ക്കകം ഇ.ഡിയും വിജിലൻസും മറുപടി നൽകണമെന്നും കോടതി അറിയിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിൽ നിരവധി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചത്. വിധി സ്റ്റേ ചെയ്ത് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.ഡിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരുമ്പോഴാണ് രണ്ടു ദിവസത്തിനകം ഹർജിക്കാരനായ കെ എം ഷാജഹാൻ കോടതിയെ സമീപിച്ചത്. ഇത് സിംഗിൾ ബെഞ്ചിന്റെ അപക്വമായ ഇടപെടലിലേക്ക് വഴിതുറന്നുവെന്നും വാദിച്ചു.
ഇ.ഡി നൽകിയ മുദ്രവെച്ച കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞതിനെയും സർക്കാർ ചോദ്യം ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് അംഗീകരിക്കുന്നില്ലെങ്കിലും, എഫ്ഐആർ ഇട്ട സ്ഥിതിക്ക് ഇനി അന്വേഷണത്തിൽ ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ സുപ്രീംകോടതി അപ്പീലിന് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇസിഐആറിനും എഫ്ഐആറിനും സ്റ്റേയില്ലെന്നും കേന്ദ്രവും ഇ.ഡിയും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളുള്ള ഡയറി ലഭിച്ചിട്ടുണ്ടെന്നും അതിൽ മുൻ മുഖ്യമന്ത്രിയുടെയും മുൻ മന്ത്രിയുടെ ഭാര്യയുടെയും പേരുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. പിസി ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയാത്തതിനാലാണ് പിഎംഎൽഎ 66(2) പ്രകാരം ഡിജിപിക്ക് കത്ത് നൽകിയതെന്നും കേന്ദ്രം വ്യക്തമാക്കി. അപ്പീലിൽ വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.