ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്ത് വലിയൊരു പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ആവശ്യത്തിന് വഴങ്ങാൻ ശനിയാഴ്ച വരെ സമയം നൽകിയിട്ടുണ്ടെന്നും, അതിന് ശേഷം മുംബൈയിൽനിന്ന് സമരം ആരംഭിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കകം രാജിവെക്കണമെന്നാണ് ദീപ്‌കെയുടെ ആവശ്യം. രാജിയുണ്ടായില്ലെങ്കിൽ ഒക്ടോബർ രണ്ടിന് ‘ജന്തർ മന്തർ 2.0’ എന്ന പേരിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ദീപ്‌കെ ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ഈ ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം’ എന്ന തലക്കെട്ടിലാണ് ദീപ്‌കെ കുറിപ്പ് പങ്കുവെച്ചത്. ജനാധിപത്യം തിരിച്ചുപിടിക്കാൻ ഒക്ടോബർ രണ്ടിനേക്കാൾ മികച്ച മറ്റൊരു ദിവസമില്ലെന്ന് സി.ജെ.പിയുടെ സഹകൺവീനർ അശുതോഷ് രാങ്കയും പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും ദീപ്‌കെ രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെച്ചില്ലെങ്കിൽ ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടക്കുന്നുവെന്ന് ആരോപിക്കുന്ന പ്രതിപക്ഷ പാർട്ടികൾ വീണ്ടും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് എന്തുകൊണ്ടാണെന്നും ദീപ്‌കെ ചോദിച്ചു. ഇത്തരം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പെന്ന ധാരണ നിലനിർത്താനും ആരോപണവിധേയമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് നിയമസാധുത നൽകാനും മാത്രമേ സഹായിക്കൂവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നത് പാർട്ടികളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ഭയം കൊണ്ടാണോ പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതെന്നും ദീപ്‌കെ ചോദിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെടുകയും എം.എൽ.എമാരെയും എം.പിമാരെയും വിലക്കെടുക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന സംവിധാനത്തിൽ എന്ത് അസ്തിത്വമാണ് പ്രതിപക്ഷം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം ആരോപിക്കുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതേക്കുറിച്ച് നിശബ്ദത പാലിക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .