കണ്ണൂർ ചെറുപുഴയിലെ പാറോത്തുന്നീർ മേലുതാനിയിൽ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ക്വാറിക്ക് വീണ്ടും പാരിസ്ഥിതിക അനുമതി ലഭിച്ചതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറി, നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് 2012-ലാണ് അടച്ചുപൂട്ടിയത്. എന്നാൽ 2024-ൽ ക്വാറിക്ക് വീണ്ടും അനുമതി ലഭിച്ചതോടെ പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അന്ന് അനുമതി താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.
ഇതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ജൂലൈയിൽ പാരിസ്ഥിതിക ആഘാത പഠന സമിതി പ്രദേശത്തെത്തി പരിശോധന നടത്തിയത്. സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ക്വാറിക്ക് വീണ്ടും പാരിസ്ഥിതിക അനുമതി ലഭിച്ചതാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ക്വാറി മാഫിയയുടെ ഇടപെടലാണ് വീണ്ടും അനുമതി ലഭിക്കുന്നതിന് പിന്നിലെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്നും അനുമതി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. അനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. സമരസമിതി കൺവീനർ ആർ.കെ. പത്മനാഭനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.