Loading time...
Global

ഭൂട്ടാനിൽ ഹിമതടാകം തകർന്നു; ബംഗാളിലും അസമിലും പ്രളയ മുന്നറിയിപ്പ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Oct 2026, 8:08 am
Updated on: 30 Oct 2026, 8:08 am
Share:
Follow Us: YouTube
Feature Image

ഭൂട്ടാനിൽ ഹിമതടാകം തകർന്നതിനെ തുടർന്ന് സങ്കോഷ് നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ പശ്ചിമബംഗാളിലെയും അസമിലെയും താഴ്ന്ന പ്രദേശങ്ങളിൽ പ്രളയഭീഷണിയിലാണ്. ഹിമതടാകത്തിൽനിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

 

വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗാസ ജില്ലയിൽ വാകില പർവതത്തിന് താഴെയുള്ള ഷിന്റാഫു തടാകമാണ് കഴിഞ്ഞ ദിവസം കരകവിഞ്ഞൊഴുകിയത്. മോ ചു നദീതടത്തിന്റെ ഉയർന്ന പ്രദേശത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ഭൂട്ടാൻ അതീവ അപകടസാധ്യതയുള്ളതായി വിലയിരുത്തിയിട്ടുള്ള 17 ഹിമതടാകങ്ങളിൽ ഒന്നാണിത്. തടാകം തകർന്നതിന്റെ യഥാർഥ വ്യാപ്തിയും താഴ്ന്ന പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

മലവെള്ളപ്പാച്ചിലിൽ പുനാഖ മേഖലയിൽ സോളർ പാനലുകൾ ഒഴുകിപ്പോയി. ഇവയുടെ അവശിഷ്ടങ്ങൾ പ്രധാന ഹൈവേയിൽ അടിഞ്ഞതോടെ ഗതാഗതവും തടസ്സപ്പെട്ടു. അതേസമയം, ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അസമിലെ ധ്രുബ്രി, പശ്ചിമബംഗാളിലെ ഡാർജിലിങ് മലനിരകൾ, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകൾ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ പ്രളയജലം ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

 

അലിപുർദുവാർ ജില്ലയിലെ സങ്കോഷ് നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറ്റി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അലിപുർദുവാർ പൊലീസ് സൂപ്രണ്ട് അമിത് കുമാർ ഷാ അറിയിച്ചു.