ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ മെഡൽ. ഷൂട്ടിങ്ങിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് കമൽജീതും സുരുചി ഇന്ദറും ചേർന്ന് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഫൈനലിൽ 484.6 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം ഒന്നാമതെത്തിയത്. 478.0 പോയിന്റുമായി ദക്ഷിണ കൊറിയയുടെ സുഹ്യോൺ ഹോങ്–ഗായുൻ ചൂ സഖ്യം വെള്ളിയും 415.8 പോയിന്റുമായി ഇറാൻ വെങ്കലവും നേടി.
വ്യക്തിഗത ഇനങ്ങളിലെ പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് കമൽജീതും സുരുചിയും മിക്സഡ് ടീം ഇനത്തിൽ നടത്തിയത്.
അതേസമയം, പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും ഇന്ത്യ മെഡൽ സ്വന്തമാക്കി. രുദ്രാൻഷ് പാട്ടീൽ, നീരജ് കുമാർ, എ.പി.എസ്. തോമർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 1762 പോയിന്റോടെ വെള്ളി നേടി. 1766 പോയിന്റുമായി ചൈന സ്വർണവും 1751 പോയിന്റുമായി ദക്ഷിണ കൊറിയ വെങ്കലവും സ്വന്തമാക്കി.
വ്യക്തിഗത യോഗ്യതാ മത്സരത്തിൽ 589 പോയിന്റുമായി തോമറും 588 പോയിന്റുമായി നീരജും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി ഫൈനലിന് യോഗ്യത നേടി. എന്നാൽ ഒരു രാജ്യത്ത് നിന്നുള്ള പരമാവധി രണ്ട് താരങ്ങൾക്ക് മാത്രമാണ് വ്യക്തിഗത ഫൈനലിൽ പ്രവേശിക്കാനാകുക എന്ന നിയമത്തെ തുടർന്ന് രുദ്രാൻഷിന് ഫൈനലിൽ ഇടം ലഭിച്ചില്ല.
ആറാം ദിനത്തിലെ രണ്ട് മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. മെഡൽ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്തേക്കും ഉയർന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .