അമിത് ഷാക്കെതിരെ നടത്തിയ കൊലയാളി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതിയാണ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കിയത്. പരാമർശം അപകീർത്തികരമല്ലെന്ന നിലപാടിലാണ് കോടതി വിധി പ്രസ്താവിച്ചത്.
അമിത് ഷാക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും, അത് മാനനഷ്ടമുണ്ടാക്കുന്ന പരാമർശമല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധിയുണ്ടായത്.വിധി പ്രഖ്യാപനം നടക്കാനിരിക്കെ രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ടെത്തിയിരുന്നു. ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് സുൽത്താൻപുരിലേക്ക് എത്തിയ അദ്ദേഹത്തെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്നാണ് സ്വീകരിച്ചത്.
എന്നാൽ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് പരിക്കേറ്റില്ലെങ്കിലും ചില പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോടതിയിലേക്ക് യാത്ര തുടർന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.