ഈജിപ്തിലെ ഗിസ ഗവർണറേറ്റിലാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. തെക്കോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിരവധി ബോഗികൾ പാളം തെറ്റി മറിയുകയായിരുന്നു. ചില ബോഗികൾ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.
ഗിസയിൽ നിന്ന് ഫയൂമിലേക്ക് പോവുകയായിരുന്ന ട്രെയിൻ, കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോകുന്നതിനായി ട്രാക്കിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ കൂട്ടിയിടിയിൽ ഒരു ട്രെയിനിന്റെ ബോഗി രണ്ടായി പിളർന്നു.
അപകടത്തിൽ ഏഴുപേർ മരിച്ചതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു ലോക്കോ പൈലറ്റും ഉൾപ്പെടുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ആശുപത്രികളിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ പലർക്കും എല്ലുകൾ പൊട്ടിയതായും ചിലർക്ക് ഗുരുതരമായ തലയ്ക്ക് പരിക്കേറ്റതായും ഈജിപ്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാർ അറിയിച്ചു.