Loading time...
Local

ഡ്രൈവിങ് പഠിക്കുന്നതിനിടെ യുവതി ഓടിച്ച എസ്‌യുവി സ്കൂട്ടറിലിടിച്ചു; 55കാരന് ദാരുണാന്ത്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Nov 2026, 8:00 am
Updated on: 8 Nov 2026, 8:00 am
Share:
Follow Us: YouTube
Feature Image

ഡ്രൈവിങ് പരിശീലനത്തിനിടെ യുവതി ഓടിച്ച എസ്‌യുവി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌യുവി നിയന്ത്രണം വിട്ട് സന്തോഷിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.

 

ശനിയാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. ഭാര്യയ്ക്ക് സാരി വാങ്ങാനായി വീട്ടിൽനിന്ന് പോയ സന്തോഷ് സാധനങ്ങളുമായി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വീടിന് വെറും 500 മീറ്റർ അകലെവച്ചായിരുന്നു ദുരന്തം. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് എസ്‌യുവിയിലുണ്ടായിരുന്നത്. ഇവരിൽ യുവതിയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഡ്രൈവിങ് പഠിക്കുകയായിരുന്നുവെന്നുമാണ് വിവരം.

 

സ്കൂട്ടറിൽ ഇടിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി സമീപത്തെ വീടിന്റെ മതിൽ തകർത്തു. തുടർന്ന് മറ്റൊരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ഇടിച്ചുകയറിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ തകർന്ന വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ മൂന്നുപേരും മിനിറ്റുകൾക്കകം മറ്റൊരു കാറിൽ കയറി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

 

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എസ്‌യുവിയുടെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. പൻകിയിലെ പങ്കാ ബഹാദൂർ നഗർ സ്വദേശിയായ കൃഷ്ണകുമാറിന്റേതാണ് വാഹനമെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാനും കണ്ടെത്താനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .