ഉത്തരാഖണ്ഡ്: ചാർധാം തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ച് സുഹൃത്തുക്കൾ ഉൾപ്പെടെ ആറുപേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ബദരിനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്ററാണ് ചമോലി ജില്ലയിൽ തകർന്നുവീണത്.
ട്രാൻസ് ഭാരത് ഏവിയേഷന്റെ VT-HCX ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബദരിനാഥിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിൽ വെച്ച് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് ചായ് ഗ്രാമത്തിന് സമീപം ഹാഥി പർവ്വതത്തിന് അടുത്തായി തകർന്നുവീണ നിലയിൽ കണ്ടെത്തി.
അതേസമയം അപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരനായ പ്രതാപ് ഹെലികോപ്റ്ററിനുള്ളിൽ നിന്ന് പകർത്തിയ സെൽഫി വീഡിയോ പുറത്തുവന്നു. ഹിമാലയൻ പശ്ചാത്തലത്തിൽ പുഞ്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആ സമയത്ത് മേഖലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കരസേനയും SDRF സംഘവും ചേർന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. AAIB അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ട്രാൻസ് ഭാരത് ഏവിയേഷന്റെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി.